Thursday, December 13, 2007

കൂട്ടുപക്ഷി...


പഴയൊരു പാട്ടിന്‍റെ സ്മൃതിയെനിക്കേകി
എന്നെപിരിയുമോ? കൂട്ടുപക്ഷീ..
ഈ വഴിയമ്പലചുമരില്‍ മുഖം ചേര്‍ത്തു-
നിന്നെ ഞാനെന്നുമോര്‍ത്തിരിക്കും.......

ജാലക വാതില്‍ തുറന്നു ഞാന്‍
പുലര്‍മഞ്ഞുവീഴുന്ന വഴിനോക്കി നില്‍ക്കും
നീ വരുമെന്നു വെറുതെ കൊതിച്ചു നില്‍ക്കും
പഴയൊരു കഥയുടെ നോവെനിക്കേകി
പിരിയുവാനാകുമോ കൂട്ടുപക്ഷി.......

ഒരു രാവു കൂടി പുലര്‍ന്നാല്‍ നന്ദി തന്‍
ഒരുവാക്കു ചൊല്ലികടന്നുപോകും നീ.....

കൊച്ചു കുസൃതികളോര്‍ത്തു പരസ്പരം
കൊഞ്ജിക്കളിയാര്‍ത്തു ചിരിച്ചതും
നീറും മനസുമായ് വേപഥു പൂണ്ടതും
കൊച്ചു വഴക്കിനൊടുവില്‍ കരഞ്ഞതും
ഓര്‍മ്മകള്‍ നന്ദിയെന്നൊരു വാക്കില്‍
മുറിച്ചെന്നെ പിരിഞ്ഞു നീ യാത്രയാകും

ഒരു വേള നിന്നോര്‍മ്മയില്‍ നീറിയെന്‍
ജന്മമിവിടെയൊടുങ്ങിയേക്കാം......
അല്ലെങ്കില്‍ ഒരു നഷ്ടസ്മൃതിയുമായ് നോവോടെ
ഇനിയുമീ യാത്ര തുടര്‍ന്നുവെന്നും വരാം....

എന്നെക്കുറിച്ചുള്ള സ്മൃതികള്‍ക്കു മീതെ നീ
മറവിതന്‍ കംബളം നീര്‍ത്തിയേക്കം....
ഒരു പഴയ പാട്ടുപോല്‍ കഥപോലെയൊരുവേള
വെറുതെയൊരോര്‍മ്മയായ് മാറിയെക്കാം....

പഴയൊരു പാട്ടിണ്ടെ സ്മൃതിയെനിക്കേകി
എന്നെപ്പിരിയുമെന്‍ കൂട്ടുപക്ഷി.....
ഓര്‍മ്മതന്‍ മുള്‍ക്കാടിനുള്ളില്‍ കുരുങ്ങിയെന്‍
ഹൃദയം മുറിഞ്ഞുനിണം വാര്‍ന്നൊഴുകവേ...

പാടാന്‍ മറന്നൊരാ പാട്ടുകള്‍ പാടുവാന്‍
പറയാന്‍ മറന്നൊരാ കഥകള്‍ തുടരുവാന്‍
തമ്മില്‍പ്പിണങ്ങുവാന്‍ കൊന്‍ജ്ജിച്ചിരിക്കുവാന്‍
വീണ്ടുമൊരിക്കലീ വഴിയമ്പലത്തിണ്ടെ
കൊച്ചുമണ്‍കൂട്ടില്‍ നാമൊന്നിച്ചു ചേരുമോ?